12:04am 08 November 2026
NEWS
കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച കേസിൽ താനും ആകാശും നിരപരാധിയെന്ന് എസ്എഫ്ഐ നേതാവ് അഭിരാജ്

14/03/2025  01:20 PM IST
nila
കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച കേസിൽ താനും ആകാശും നിരപരാധിയെന്ന് എസ്എഫ്ഐ നേതാവ് അഭിരാജ്

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച കേസിൽ താനും ആകാശും നിരപരാധിയെന്ന് എസ്എഫ്ഐ നേതാവ്.  എസ്എഫ്‌ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ. അഭിരാജാണ് പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ആരോപിക്കുന്നത്. അഭിരാജ് താമസിക്കുന്ന മുറിയിൽനിന്ന് ഒമ്പതുഗ്രാമോളം കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്ത അഭിരാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

'ഞാൻ മുറിയിൽ എത്തിയപ്പോൾ വസ്തുക്കളെല്ലാം ചിതറിക്കിടക്കുകയാണ്. കുറേ കുപ്പികൾ എടുത്ത് മേശപ്പുറത്തുവെച്ചിരുന്നു. ഞാൻ വന്നപ്പോൾ അവരുടെ കൈയിൽ സാധനമുണ്ട്. എന്നെ ആദ്യം കൊണ്ടുപോയത് ആകാശിന്റെ മുറിയിലേക്കാണ്. ഞാൻ യൂണിയനിൽ ഉള്ളതാണ്, എനിക്ക് നാളെ പരിപാടിയുണ്ട് അങ്ങോട്ട് പോകണം എന്ന് പറഞ്ഞു. നീ യൂണിയനിൽ ഉള്ളതാണോ, നീ പോകണ്ട, നീ വലിയ കൊമ്പത്തെ ആളാണോ, നീ മുകളിലേക്ക് വാ എന്നു പറഞ്ഞാണ് കൊണ്ടുപോയത്', അഭിരാജ് പറഞ്ഞു.

'ഹോസ്റ്റലിൽ മുമ്പ് പഠിച്ചവർ കുറേപ്പേർ വന്നുപോവുന്നുണ്ട്. ആകാശ് എന്നെപ്പോലെ നല്ലപോലെ നടക്കുന്ന വ്യക്തിയാണ്. ആകാശും യാതൊരു പ്രശ്‌നവുമില്ലാത്ത ആളാണ്. ഞാൻ എസ്എഫ്‌ഐ ആണെന്ന് പറഞ്ഞതുമുതൽ പുള്ളിക്ക് എന്നോട് ദേഷ്യം. നീ എന്നെ എന്തു ചെയ്യും, നീ വലിയ യൂണിയൻ മെമ്പറാണോ അങ്ങനെയുള്ള സ്വരത്തിലാണ് എന്നോട് സംസാരിച്ചത്. നിന്നെ കണ്ടാൽ പറയുമല്ലോടാ നീ ലഹരി ഉപയോഗിക്കുന്നവന്നാണെന്ന് എന്ന് പറഞ്ഞു. എവിടുന്ന് എടുത്തു എന്ന് ചോദിച്ചപ്പോൾ ഇവിടെ കിടന്നതാണെന്നാണ് പറഞ്ഞത്. ബാഗിൽനിന്നും ഉടുപ്പിൽനിന്നും ഷർട്ടിൽനിന്നും ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞു. എല്ലാ മുറിയും പരിശോധിച്ചു', അഭിരാജ് പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് ഹോസ്റ്റലിൽ പൊലീസ് മിന്നൽപരിശോധന നടത്തിയത്. കരുനാഗപ്പള്ളി സ്വദേശിയായ അഭിരാജിന് പുറമേ ഹരിപ്പാട് സ്വദേശിയായ ആദിത്യനേയും അറസ്റ്റുചെയ്തിരുന്നു. ഇവരുടെ മുറിയിൽ നിന്നും ഒമ്പതുഗ്രാമോളം കഞ്ചാവാണ് കണ്ടെടുത്തത്. അതേസമയം,  1.9 കിലോ കഞ്ചാവ് കിട്ടിയ സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശി ആകാശ് പൊലീസ് കസ്റ്റഡിയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img